കോട്ടയം ജില്ലയിലെ പ്രക്യതിരമണീയമായ ഗ്രാമമാണ്.
‘നീണ്ടൂര്‍’. ദൈവവിശ്വാസവും വിദ്യാസമ്പത്തും കുലീനത്വവും ധന സമൃദ്ധിയും ഒത്തിണങ്ങിയ പല തറവാടുകളും ഈ ഗ്രമത്തിന് ശക്തിയും ആശ്വാസവുമായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ തറവാടാണ് പൂതത്തില്‍ തറവാട്.
ദൈവകടാക്ഷം നിറഞ്ഞു നില്‍ക്കുന്നിടം.
“പൂതം” എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ
‘പരിശുദ്ധം’ എന്നാണ്.
ഇവിടുത്തെ കാരണവന്മാരെല്ലാം ദാനശീലത്തിലും സമുദായഭിമാനത്തിലും ദീനാനുകമ്പയിലും പേരെടുത്തവരായിരുന്നു. അവരില്‍ ഏറ്റവും ജനസമ്മതനായിരുന്നു പൂതത്തില്‍ ഇട്ടിക്കുരുവിള തരകന്‍.
തിരുവിതാംകൂര്‍ മുഴുവന്‍ അറിയപ്പെട്ടിരുന്ന ഒരു വാണിജ്യശ്രേഷ്ഠന്‍. അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവില്‍ നിന്ന്
‘തരക’സ്ഥാനം ലഭിച്ച്
‘ഇട്ടിക്കുരുവിള തരകന്‍’ എന്ന പേരില്‍ പ്രസിദ്ധനായിത്തീരുകയും ചെയ്തു.
ഇട്ടിക്കുരുവിള തരകന്റെ ദീനാനുകമ്പ പ്രസിദ്ധമാണ്. കൊലയക്ക് വിധിക്കപ്പെട്ട 42 ജയില്‍ പുള്ളികളെ മോചിപ്പിക്കാന്‍ ഇദ്ദേഹത്തിന്റെ സ്വാധീനശക്തി കാരണമായി. ഒരാള്‍ക്ക് 1001 പൊന്‍പണം ഖജനാവില്‍ അടച്ചാണ് അദ്ദേഹം ഇവരെ ജയില്‍ വിമുക്തരാക്കിയത്. തരകന്‍ മതപരമായ കാര്യങ്ങളിലും പ്രസക്തനായിരുന്നു.
പൂതത്തില്‍ രണ്ടാം തരകന്റെ അഞ്ചാം തലമുറക്കാരനാണ് തൊമ്മിയച്ചന്‍. മാക്കീല്‍ യൌസേപ്പുകത്തനാര്‍, മോണ്‍. ജോസഫ് മാക്കീല്‍, മാക്കീല്‍ മാര്‍ മത്തായി മെത്രാന്‍, ലുക്കാ കത്തനാര്‍ തുടങ്ങിയവര്‍ പൂതത്തില്‍ തറവാടിന്റെ അഭിമാനഭാജനങ്ങളാണ്. |