വിശ്വമഹാകവി രവിന്ദ്രനാഥടാഗോറിന്റെ അഭിപ്രായത്തില്‍ സമ്പൂര്‍ണ്ണമായൊരു സദാചാരപദ്ധതി ലോകത്തിന് പ്രദാനം ചെയ്ത ആദ്യത്തെ മനുഷ്യന്‍ ശ്രീബുദ്ധനാണ്. കാരണം കര്‍മ്മയോഗസിദ്ധാന്തം പൂര്‍ണ്ണമായും അനുഷ്ഠാനത്തില്‍ വരുത്തിയ അദ്ദേഹം തന്റെ തത്വസംഹിതകള്‍ ലോകത്തിന് മീതെ വെച്ചുവെങ്കിലും അതിനു മീതെ നില്ക്കുന്നത് കരുണയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രമാണങ്ങളാണ്. ഇപ്രകാരം കര്‍മ്മയോഗവും ദൈവയോഗവും പ്രമാണമാക്കിയ മറ്റൊരു മഹത് വ്യക്തിയാണ് ബഹു. തൊമ്മിയച്ചന്‍. സ്നേഹത്തിന്റെ മൂര്‍ത്തിഭാവമാണ് കരുണ. ചുറ്റുമുള്ളവരില്‍, പ്രത്യേകിച്ച് അവശരില്‍ ദൈവത്തെ ദര്‍ശിച്ച ഈ മഹാത്മാവ് സ്നേഹത്തിന്റെ മൂര്‍ത്തിഭാവമാണ്. വി. മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം 40-ാം വാക്യത്തില്‍
“എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തു കൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തു തന്നത്
” എന്ന സുവിശേഷസത്യത്തിന്‍മേല്‍ അടയിരുന്ന് വിരിയിച്ചെടുത്തതാണ് സെന്റ് തോമസ് അസൈലം.
സെന്റ തോമസ് അസൈലത്തിന്റെ സ്ഥാപനത്തെപറ്റി ചരിത്രം നല്‍കുന്നത് ഇപ്രകാരമാണ്. 1908-ല്‍ തൊമ്മിയച്ചന്‍ കൈപ്പുഴയിലെ വിസിറ്റേഷന്‍ മഠത്തിന്റെ ചാപ്ളൈനും സ്കൂള്‍ മാനേജരുമായിരുന്ന കാലത്ത്, കുമരകംകാരനായ ഒരാള്‍ അംഗവൈകല്യമുള്ള തന്റെ മകളെ മഠത്തില്‍ ചേര്‍ക്കുന്നതിനായി കൊണ്ടുവന്നു. പ്രസ്തുത മഠത്തില്‍ അംഗവീഹിനരെ സ്വീകരിക്കുകയില്ല എന്ന വിവരം അച്ചന്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും അടര്‍ന്ന് വീണ കണ്ണുനീര്‍ മുത്തുകള്‍ ദീനദയാലുമായ തൊമ്മിയച്ചന്റെ ഹ്യദയത്തില്‍ നീറ്റലുണ്ടാക്കി. ഈ സംഭവം തൊമ്മിയച്ചനെ ആഴത്തില്‍ ചിന്തിപ്പിച്ചു.
“എന്തുകൊണ്ട് അംഗവൈകല്യമുള്ളവര്‍ക്കായി ഒരു അഭയകേന്ദ്രം നിര്‍മ്മിച്ചുകൂടാ...." അന്ന് ചങ്ങനാശ്ശേരി വികാരിയാത്തിന്റെ അപ്പസ്തോലിക്ക ആയിരുന്ന അഭിവന്ദ്യ മാക്കീല്‍ പിതാവുമായി അദ്ദേഹം തന്റെ ചിന്തകള്‍ ചര്‍ച്ച ചെയ്തു. തന്റെ അനന്തരവനില്‍ അതിരറ്റ വിശ്വാസമുണ്ടായിരുന്നതിനാല്‍ പിതാവിന് ഈ വാര്‍ത്ത സന്തോഷകരമായിരുന്നു. അങ്ങനെ തൊമ്മിയച്ചനിലെ സ്നേഹപ്രവാഹം ജീവകാരുണ്യ സ്ഥാപനങ്ങളുടെ രൂപികരണത്തിന് നിദാനമായി വര്‍ത്തിച്ചു. അതിന്റെ ഫലമായി 1925 മെയ് 3-ാം തിയതി സെന്റ് തോമസ് അസൈലം സ്ഥാപിതമായി. ആഗ്രഹമല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാതിരുന്നു തൊമ്മിയച്ചന്‍ തന്റെ ലക്ഷ്യപ്രാപ്തിക്കായി പിരിവുകള്‍ നടത്തി. ഈ അവസരത്തില്‍ തന്റെ ജീവിതത്തിലെ കടുത്ത അഗ്നിപരീക്ഷണങ്ങള്‍ക്ക് അദ്ദേഹം വിധേയനായിത്തീരുകയും ചെയ്തു. തൊമ്മിയച്ചനെ സംബന്ധിച്ചടത്തോളം ജീവിതം ശ്രമമാണ്; വിശ്രമം മരണവും. |