സമൂഹത്തിലെ ദരിദ്രരോടും നിന്ദിതരോടും അവഗണിക്കപ്പെട്ടവരോടും പ്രത്യേക സ്നേഹം കാട്ടിയ ഈശോയുടെ ശ്യഷ്യസമൂഹമാണ് സഭയെങ്കില്‍, സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് തീര്‍ത്തും അവഗണിക്കപ്പെട്ടവര്‍ക്കുവേണ്ടിയാണ്. ഈ സത്യം ഹ്യദയത്തില്‍ ഏറ്റുവാങ്ങിയ പുണ്യ പുരുഷനായിരുന്നു തൊമ്മിയച്ചന്‍. അഗതികളുടെയും, സമൂഹം തള്ളിക്കളഞ്ഞവരുടെയും ആലംബമായിരുന്ന അദ്ദേഹത്തിന്, തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് ഒരു സന്യാസസമൂഹത്തിന്റെ ആവശ്യകത കൂടിയേതീരുവെന്ന് ബോധ്യമായി. ഈ ലക്ഷ്യം മുന്നില്‍ കണ്ട് താന്‍ നടത്തിയ വിദേശപര്യടനത്തില്‍ അനുകരണീയമായി തോന്നിയ സന്യാസസമൂഹമാണ് ടാര്‍ബസിലെ സെന്റ് ജോസഫ് സമൂഹം. താന്‍ നട്ടുവളര്‍ത്തിയ സെന്റ് തോമസ് അസൈലം സംരക്ഷിച്ചുകൊണ്ടുപോകുന്നതിനായി 1928 ജൂലൈ 3-ന് സെന്റ് ജോസഫിന്‍ സഭക്കൂട്ടം സ്ഥാപിച്ചു. അങ്ങനെ തന്റെ ജീവിത സ്വപ്നം രണ്ട് ദീപനാളങ്ങളായി ജ്വലിച്ചു. ഇന്നും ഫലം ചൂടി നില്‍ക്കുന്ന സെന്റ് ജോസഫ് കന്യകാ സമൂഹം അഗതികള്‍ക്കും അശരണര്‍ക്കും കരുണയുടെ കരസ്പര്‍ശം നല്‍കുന്ന ഭവനമായി മാറിയിരിക്കുന്നു. പ്രാഭാഷകന്റെ പുസ്തകം 27-ാം അദ്ധ്യായം 6-ാം വാക്യം ഇങ്ങനെ പറയുന്നു, വ്യക്ഷത്തിന്റെ ഫലത്തില്‍ നിന്ന് കര്‍ഷകന്റെ സാമര്‍ത്ഥ്യം വെളിവാകുന്നു. ദിനരാത്രങ്ങള്‍ ദിവ്യകാരുണ്യത്തിനു മുന്‍പില്‍, ദിവ്യവചനത്തിനു മുന്‍പില്‍ ഉപാസകനായി മാറി , കാലത്തിന്റെ ഋതു ഭേദങ്ങള്‍ വായിച്ചറിഞ്ഞ ക്രാന്തദര്‍ശി തന്റെ ദര്‍ശനങ്ങളും ബോധ്യങ്ങളും ആഴത്തില്‍ തന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുത്ത മഹാപണ്ഡിതന്‍ ഇന്നും ജീവസുറ്റതാകുന്നു. |