ചരിത്രം ഒരേ സമയം അമ്മയും അദ്ധ്യാപികയുമാണ്. എല്ലാ ചരിത്രവും ചിന്തയുടെ ചരിത്രമാണെന്ന് ബ്രിട്ടീഷ് ചരിത്രദാര്‍ശനികനായ ആര്‍. ജി. കോളിങ്ങ് വുഡ് പറഞ്ഞിട്ടുള്ളത്, ക്രിസ്തീയ വീക്ഷണത്തില്‍ രക്ഷാകരചരിത്രത്തെക്കുറിച്ചും പറയാവുന്നതാണ്. ചരിത്രാതീതനായ ദൈവം ചരിത്രത്തില്‍ നമുക്ക് വേണ്ടി ജീവിക്കുകയും, നമ്മെ സ്നേഹിക്കുകയും, അറിയുകയും ചെയ്ത സംഭവത്തിന്റെ വ്യാപ്തിയും പൂര്‍ത്തിയുമാകുന്നു മാംസം ധരിച്ച വചനമാകുന്ന യേശു. നമ്മുടെ വ്യക്തിപരവും സംഘാതവുമായ ജീവിതത്തില്‍ പിന്നീട്പിന്നിടുണ്ടായിട്ടുള്ള മുക്തിദമായ സംഭവങ്ങളെല്ലാംതന്നെ, യേശുവില്‍ ദൈവം നമ്മെ അറിയുകയും സ്നേഹിക്കുകയും നമുക്കായി ജീവിക്കുകയും ചെയ്തിട്ടുള്ളതിന്റെ സാധുവും, ദ്യശ്യവും, വിശ്വസനീയവുമായ സാക്ഷ്യവും സാക്ഷാത്കാരവുമായിരിക്കുന്നു. ഇക്കാരണത്താല്‍ ഒരു വ്യക്തിയെയോ സമൂഹത്തെയോ സംബന്ധിച്ചുണ്ടായിട്ടുള്ള സംഭവങ്ങളെ, അതേപടി കൂട്ടിക്കെട്ടി പറയുന്നതുകൊണ്ട് മാത്രം
ചരിത്രദര്‍ശനമാകുന്നില്ല. ദൌത്യബോധവും ധര്‍മ്മബോധവും അംഗുരിപ്പിക്കാന്‍ ശക്തിയുള്ള വ്യാഖ്യാനം കൊണ്ടെ ചരിത്രം വെറും വിവരണമാകാതെ ദര്‍ശനമാകൂ.
ആകയാല്‍ പ്രിയപ്പെട്ടവരെ, സെന്റ് ജോസഫ്സ് സമൂഹത്തിലെ ഓരോ സഹോദരിയും സ്ഥാപകപിതാവിന്റെ ജീവിതത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ദൈവദാസപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ഈ ജീവിതം എങ്ങനെ ധന്യമായി എന്ന് നാം മനസ്സിലാക്കണം. കര്‍മ്മം കൊണ്ട് ചരിത്രത്തിലും സ്നേഹം കൊണ്ട് മനുഷ്യഹ്യദയത്തിലും, സുകൃതം കൊണ്ട് സ്വര്‍ഗ്ഗത്തിലും സ്ഥാനം നേടിയ സ്ഥാപകപിതാവിന്റെ ജീവിതത്തിലേയക്ക് ഒരു തിരിച്ചു വരവ് നടത്തുക ഈ അവസരത്തില്‍ ഉചിതമാകുന്നു. |