Poothathil Thommiachan I Fr Thomas Poothathil I poothathilthommiachan.org
 

 

     ആദ്ധ്യാത്മയോഗി

ദൈവം അനര്‍ഗ്ഗളം വര്‍ഷിച്ച അഗാധവും അപരിമിതവുമായ സ്നേഹത്തിന്റെ അനുഭവമായിരുന്നു ബഹു. തൊമ്മിയച്ചന്റെ ആദ്ധ്യാത്മികജീവിതത്തിന്റെ അടിത്തറ. ക്രിസ്തുവിലൂടെ തന്റെ ആത്മാവിലേയ്ക്ക് വര്‍ഷിക്കപ്പെട്ട ദൈവസ്നേഹത്തിന്റെ നീളവും വീതിയും ആഴവും ഉയരവും (എഫേ. 3:18) അദ്ദേഹം നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും വ്യക്തിപരമായ മനനധ്യാനങ്ങളിലൂടെയും അനുഭവിച്ചറിഞ്ഞു. തന്നെ സ്നേഹിക്കുകയും തനിക്കായി സ്വയം അര്‍പ്പിക്കുകയും ചെയ്ത (ഗലാ.2:20) ക്രിസ്തുവിനെക്കുറിച്ചുള്ള ആഴമേറിയ ജ്ഞാനവും അവിടുത്തോടുള്ള സമ്പൂര്‍ണ്ണമായ ഐക്യവും അനുദിനം ഉപര്യുപരി ദൃഢീകരിക്കുന്നതിനുള്ള നിമിത്തവും നിദാനവുമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയും ആദ്ധ്യാത്മികജീവിതവും. പിതാവായ ദൈവം ക്രിസ്തുവിലൂടെ തന്റെമേല്‍ വര്‍ഷിച്ച സ്നേഹാരൂപിയുടെ സ്പന്ദനങ്ങള്‍ ആത്മാവിന്റെ അന്തരാളത്തില്‍ രുചിച്ചറിഞ്ഞ അദ്ദേഹം അനുപമവും അമേയവുമായ ആ സ്നേഹത്തെ സ്വഹൃദയത്തില്‍ സ്തുതിച്ചും ആരാധിച്ചും ദിനരാത്രങ്ങള്‍തന്നെ കഴിച്ചുകൂട്ടി. വര്‍ണ്ണനാതീതമായ ഈ സ്നേഹത്തിന്റെ മൂര്‍ത്തിമദ്ഭാവവും അതിന് യേശു മനുഷ്യരൂപത്തില്‍ അര്‍പ്പിച്ച സ്തുതിയുടെയും പ്രതിനന്ദിയുടെയും പ്രത്യക്ഷവത്ക്കരണവും ആയിരുന്നു അദ്ദേഹത്തിനു ദിവ്യകാരുണ്യമെന്ന ദൈവസ്നേഹാമൃതരഹസ്യം.