Poothathil Thommiachan I Fr Thomas Poothathil I poothathilthommiachan.org
 

 

സെമിനാരി ജീവിതം

ദീനാനുകമ്പയുടെയും ആതുരശുശ്രൂഷയുടെയും സാമൂഹ്യസേവനത്തിന്റെയും ക്രൈസതവികമാനം ആഴത്തില്‍ വേരുറച്ചപ്പോള്‍ തൊമ്മിക്കുഞ്ഞ് സെമിനാരിയില്‍ ചേര്‍ന്നു. കുടുംബത്തില്‍ നിന്നും സ്കൂളില്‍ നിന്നും ലഭിച്ച നല്ല ശിക്ഷണം ദൈവവിളി സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. 1887 സെപ്തംബര്‍ 21- ന് വൈദീക പഠനത്തിനായി വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയില്‍ ചേര്‍ന്നു. പഠനത്തിലെന്നപോലെ സ്വഭാവത്തിലും ആത്മവിശുദ്ധിയിലും അദ്ദേഹം ഒന്നാമനായിരുന്നു. വിധേയത്വവും, പ്രാര്‍ത്ഥനയും, കാര്യശേഷിയും, നല്ല പെരുമാറ്റവും ഏവരുടെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റാന്‍ കാരണമായി. 1897 ജനുവരി 24-ന് ഡീക്കന്‍പട്ടവും ആ വര്‍ഷം തന്നെ ഡിസംബര്‍ 28-ന്   9 ശെമ്മാശന്മാരോടുകൂടി അഭിവന്ദ്യ മാക്കീല്‍ മാര്‍ മത്തായി മെത്രാനില്‍ നിന്ന് തിരുപട്ടവും സ്വീകരിച്ചു.

സെമിനാരി പ്രൊഫസര്‍

1898-ല്‍ പെന്തക്കുസ്താ തിരുനാളില്‍ തൊമ്മിയച്ചന്‍ പുത്തന്‍ പള്ളി സെമിനാരിയില്‍ പ്രൊഫസറായി. സുറിയാനി സംഗീതവും ലത്തീന്‍ ഭാഷയുമായിരുന്നു പഠിപ്പിച്ചിരുന്നത്. സുറിയാനി, ലാറ്റിന്‍, ഇംഗ്ളീഷ്, മലയാളം എന്നീ ഭാഷകളില്‍ തൊമ്മിയച്ചന് തികഞ്ഞ പാണ്ഢ്യത്യം ഉണ്ടായിരിന്നു. അവിടെ വച്ച് അദ്ദേഹം സമര്‍പ്പിതചേതസ് എന്ന് പേരെടുത്തിരുന്നു. അദ്ദേഹം ഒരു മാതൃകാ അദ്ധ്യാപകനും മാതൃകാ വൈദികനുമായിരുന്നു.

തൊമ്മിയച്ചന്‍ ഇടവക ശുശ്രൂഷയില്‍

1900-ാം മാണ്ടില്‍ അദ്ധ്യാപനവൃത്തിയില്‍ നിന്നും വിരമിച്ച് ഇടവക ഭരണത്തില്‍ പ്രവേശിച്ചു. കുമരകം വള്ളാറ പുത്തന്‍ പള്ളി, ഉഴവൂര്‍, കിടങ്ങൂര്‍, കുറുമുള്ളൂര്‍, നീണ്ടൂര്‍, ചാമക്കാല എന്നീ പള്ളികളില്‍ വികാരിയായിരുന്നു. സംഗീതത്തിലും പ്രാഗത്ഭ്യമുള്ള അച്ചനെ ഇടവക ജനങ്ങള്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹം പ്രവര്‍ത്തിച്ച എല്ലാ ഇടവകയിലും സവിശേഷമായ വ്യക്തിമുദ്രപതിപ്പിച്ചു എന്നതിന്റെ തെളിവാണ് അച്ചന് സ്ഥലം മാറ്റമാണന്നറിഞ്ഞ കിടങ്ങൂര്‍ ഇടവക പ്രതിനിധികള്‍ 69 പേര്‍ ചേര്‍ന്ന് ഒപ്പിട്ട് അഭിവന്ദ്യ പിതാവിന് സമര്‍പ്പിച്ച നിവേദനം. പ്രസ്തുത നിവേദനം ചുവടെ ചേര്‍ക്കുന്നു.
ഞങ്ങളെ ഭരിക്കുന്നതിനായി സന്നിധാനത്തുനിന്നും അയച്ചുതന്നിട്ടുള്ള പൂതത്തില്‍ ബഹു. തൊമ്മിയച്ചന്‍ വന്ന് ഞങ്ങളേവരേയും മതമനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ വഴിപോലെ പ്രയത്നിച്ചും വേണ്ട പ്രകാരത്തിലും അദ്ദേഹം ഞങ്ങളെ അന്ധകാരത്തില്‍ നിന്നും മാറ്റിയിട്ടുള്ളതാകുന്നു. ഞങ്ങളുടെ ഇടയനായ ഇദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി ഓരോ പ്രകാരത്തിലും കഷ്ടപ്പാടുകള്‍ ചെയ്ത്, കൊവേന്തപട്ടക്കാരെ വരുത്തിയും ധ്യാനം മുതലായ പരിഷ്ക്കാരം കൊണ്ട് ഞങ്ങളുടെ ഇടയിലിപ്പോള്‍ ആണ്ടുകുമ്പസാരം മുടക്കുന്നവര്‍ ആരുംതന്നെ ഇല്ലാതെയായിരിക്കുന്നതും അദ്ദേഹത്തിന്റെ പ്രവൃത്തികൊണ്ടണെന്ന് ഞങ്ങള്‍ ധൈര്യ സമേതം ബോധിപ്പിക്കുന്നു. ഈ പള്ളിയില്‍ ചേര്‍ന്നവരായ ഞങ്ങളുടെ സൌകര്യനിവര്‍ത്തിപോലെ കുര്‍ബ്ബാന ചൊല്ലുകയും ആയതില്‍നിന്ന് ഒരുവനും കുര്‍ബ്ബാന കാണുവാന്‍ സാധിക്കാതെ വന്നിട്ടില്ലാത്തതും വര്‍ഷം നിമിത്തം ഓരോരുത്തര്‍ക്കുമുളള അസൌകര്യത്തെ പാര്‍ത്ത് ബുദ്ധിമുട്ടി ഇദ്ദേഹത്തെപ്പോലെ ഞങ്ങളെ ഭരിക്കുന്നതിന് വേറെ ആരു വന്നാലും ഇതുപോലെ സാധിക്കുകയില്ലാത്തതാകുന്നു. ഞങ്ങള്‍ക്ക് ഞായറാഴ്ച ദിവസം ഈ ബഹു. അച്ചന്റെ വായില്‍ നിന്നും പുറപ്പെടുന്ന മുത്തുകളെ പെറുക്കിയെടുക്കുന്നതിനും ആയതില്‍ വച്ച് കിട്ടുന്ന ഗുണങ്ങള്‍ എന്തു മാത്രമുണ്ടെന്നുള്ളത് ഞങ്ങള്‍ക്ക് എഴുതി ബോധിപ്പിക്കുവാന്‍ യാതൊരു നിവര്‍ത്തിയും ഇല്ലാത്തതാകുന്നു. ഇപ്പോള്‍ നിനിച്ചിരിയാതെ ഞങ്ങളെ പിരിഞ്ഞുപോകുന്നതാണെന്ന് കേള്‍ക്കുന്നതില്‍ ഞങ്ങള്‍ സങ്കടം ഉള്ളവരാകുന്നു. അയതിനാല്‍ ഞങ്ങളുടെ സങ്കടനിവര്‍ത്തി വരുത്തിത്തന്നും അങ്ങേ ആശീര്‍വ്വാദം ഞങ്ങള്‍ക്ക് നല്കണമെന്നും താഴ്മയോടെ അപേക്ഷിച്ചുകൊള്ളുന്നു"

ഉത്തമ പുരോഹിതന്‍

പുരോഹിതനാര് എന്ന ചോദ്യത്തിന് വിശുദ്ധ ഗ്രന്ഥം നല്‍കുന്ന മറുപടി ഇപ്രകാരമാണ്. ദൈവീക കാര്യങ്ങള്‍ക്കായി പവിത്രികരിച്ച് മാറ്റപെട്ടവനും, ദൈവീക സാന്നിധ്യത്തിന്റെ അഥവാ നിഴലില്‍ നടക്കുന്നവനും പാപപരിഹാരാര്‍ത്ഥം ബലികളും കാഴ്ചകളും അര്‍പ്പിക്കുവാനുമായി അഭിഷേകം ചെയ്ത് മാറ്റി നിര്‍ത്തപ്പെട്ടവനാണ് പുരോഹിതന്‍.(ഹെബ്രാ. 5:1). ഇപ്രകാരം കര്‍ത്താവിനാല്‍ അഭിഷേകം ചെയ്യപ്പെട്ട പുരോഹിതനായ അഹറോനെ പ്രഭാഷകന്റെ പുസ്തകം 45-ാം അദ്ധ്യയം 12-ാം വാക്യത്തില്‍ കാണാം. പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ യേശു ജനിച്ചുവെങ്കില്‍ പുത്രനായ യേശുവിന്റെ ഹിതം നിറവേറ്റാന്‍ വിളിക്കപ്പെട്ടവനാണ് ഓരോ പുരോഹിതനും. ഇപ്രകാരം തന്റെ കടമകളും കര്‍ത്തവ്യങ്ങളും, ദൈവിക വെളിപ്പെടുത്തലുകളോട് ചേര്‍ത്തുവച്ച ശ്രേഷ്ഠപുരോഹിതനാണ് പൂതത്തില്‍ ബഹു മാനപ്പെട്ട തൊമ്മിയച്ചന്‍.

സമര്‍പ്പിതനായ അജപാലകന്‍

അഗതികള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ച തൊമ്മിയച്ചനില്‍ ത്യാഗസന്നദ്ധത, താപസജീവിതം, ആത്മനിഗ്രഹം, പ്രാര്‍ത്ഥനാചൈതന്യം എന്നിവ നിറഞ്ഞു നിന്നിരുന്നു. ഒരു വൈദികന്‍ എന്ന നിലയില്‍ എപ്പോഴും ദൈവഹിതം ആരാഞ്ഞിരുന്നു. അതിനാല്‍ ദിവ്യകാരുണ്യസന്നിധിയില്‍ മണിക്കൂറുകള്‍ ചിലവഴിച്ചിരുന്നു. ദാനധര്‍മ്മം ആയിരിക്കട്ടെ നിങ്ങളുടെ നിക്ഷേപം (പ്രഭാ.26:12) എന്ന തിരുവചനം അദ്ദേഹം തന്റെ ജീവിതത്തില്‍ പകര്‍ത്തിയിരുന്നു. ഈ ദാനശീലം ഇന്നും തന്റെ ഇളം തലമുറക്കാര്‍ ജീവിതത്തില്‍ നിലനിര്‍ത്തികൊണ്ട് പോകുന്നതില്‍ നമുക്ക് ദൈവത്തിന് നന്ദി പറയാം. സ്വന്തം ജീവിതവിശുദ്ധികൊണ്ടും സുകൃതപരിവേഷംകൊണ്ടും പൌരോഹിത്യത്തിന്റെ കാന്തിയും മൂല്യവും വര്‍ദ്ധിപ്പിച്ച് എക്കാലവും പൌരോഹിത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ച ഉത്തമ പുരോഹിതനായിരുന്നു തൊമ്മിയച്ചന്‍. 
സുവിശേഷ പ്രഘോഷകനായ തൊമ്മിയച്ചന്‍

പ്രാര്‍ത്ഥനയും ധ്യാനവും വഴി ദൈവത്തോട് ഐക്യപ്പെട്ട് ദൈവവചനപ്രഘോഷണത്തിനായും ആത്മാക്കളുടെ മോചനത്തിനായും അനവരതം പ്രവര്‍ത്തിച്ച പുരോഹിതനായിരുന്നു തൊമ്മിയച്ചന്‍. പാണ്ഡിത്യവും വാഗ്മിത്വവും, നര്‍മ്മബോധവും ഒന്ന് ചേര്‍ന്നപ്പോള്‍ അത് അദ്ദേഹത്തെ നലം തികഞ്ഞ ഒരു സുവിശേഷ പ്രഘോഷകനാക്കി മാറ്റി. സവിശേഷമായ ഗ്രന്ഥപരായണമാണ് അദ്ദേഹത്തെ ഇത്ര മഹാപണ്ഡിതനും കിടയറ്റ വാഗ്മിയുമാക്കി മാറ്റിയത്. നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന ക്രിസ്തു നാഥന്റെ ദിവ്യവചനം അധരത്തിലും ഹ്യദയത്തിലും ഏറ്റു വാങ്ങി ജീവിച്ചവനാണ് ബഹു. തൊമ്മിയച്ചന്‍. 

സാമൂഹ്യസേവകന്‍ 

സാമൂഹ്യസേവനങ്ങളിലൂടെ ജാതിമതഭേദമെന്യേ ഏവരുടെയും സ്നേഹാദരങ്ങള്‍ക്കു അദ്ദേഹം പാത്രമായിരുന്നു. റോഡു വെട്ടിക്കുക, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുക എന്നിങ്ങനെ ജനക്ഷേമകരങ്ങളായ പലതും അദ്ദേഹം വികാരിയായിരുന്ന എല്ലാ ഇടവകകളിലും ചെയ്തിട്ടുണ്ട്. 
വിദ്യാഭ്യാസ പ്രവര്‍ത്തകന്‍

ഭാരതത്തിലെ ഏറ്റവും സാക്ഷരതയുളള കേരളം വിദ്യാഭ്യാസരംഗത്ത് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ക്രൈസ്തവസഭകളോടാണ്. വിദ്യാഭ്യാസപ്രവര്‍ത്തനത്തിന് കോട്ടയം രൂപത എക്കാലവും മുന്‍പന്തിയില്‍ തന്നെയായിരുന്നു. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകത ശരിക്കും ബോധ്യപ്പെട്ട് അതിനായി ജീവിതാവസാനം വരെ പ്രവര്‍ത്തിച്ച ധിഷണാശാലിയായിരുന്നു പൂതത്തില്‍ തൊമ്മിയച്ചന്‍. വിദ്യാഭ്യാസ വിചക്ഷണനും, ക്രാന്തദര്‍ശിയുമായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതില്‍ തൊമ്മിയച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉന്നതസ്ഥാനീയരെ നേരില്‍ കണ്ട് കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ പ്രത്യേക പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. തിരുവിതാംകൂര്‍ ദിവാന്‍ജി ശ്രീ രാജഗോപാലാചര്യയെ നേരില്‍ കണ്ട് കാര്യങ്ങള്‍ നേടിയത് ശ്രദ്ധേയമാണ്. ഒരു എഞ്ചിനീയറുടെ ബുദ്ധികൂര്‍മ്മതയും പ്ളാനും അച്ചനുണ്ടായിരുന്നു. നലം തികഞ്ഞ എഴുത്തുകാരനും ഭാഷാഗവേഷകനുമായ ജി.സി ടീലാര്‍ അച്ചന്റ അഭിപ്രായത്തില്‍
21-ാം നൂറ്റാണ്ടിന്റെ തല കഴുത്തില്‍ വച്ചുകൊണ്ടാണ് 20-ാം നൂറ്റാണ്ടില്‍ പൂതത്തിലച്ചന്‍ ജീവിച്ചത്.